الثلاثاء، 17 يناير 2012

പ്രിയപ്പെട്ട കുട്ടൂ

നാളുകളേറെയായി നിനക്കു വേണ്ടി ഞാനൊരു വരി കുറിച്ചിട്ട്,എന്തിന്‌ ഓര്‍മകളുടെ കല്പടവുകളില്‍ പോലും ഒരു മാത്ര നിന്റെ മുഖം ഉയര്‍ന്നു വന്നിട്ട്.കുട്ടൂ,ഇവിടെ ഈ അബുദാബിയില്‍ നിന്നില്‍ നിന്നുമകന്ന് കടന്നുപോകുന്ന ദിവസങ്ങളുടെ പിറുപിറുപ്പുകള്‍ക്കിടയില്‍ സാന്ത്വനമില്ലാതെ.ഓര്‍ക്കുന്നുവോ ഞാനാദ്യം നിനക്കെഴുതിയിരുന്നത്,മറക്കില്ലെന്നറിയാം,എങ്കിലും വെറുതെ.
                                          പിന്നേ,മഴയൊക്കെ എങ്ങനെ..? വീശിയടിക്കുന്ന പൊടിക്കാറ്റില്‍ ആഞ്ഞടിക്കുന്ന മണല്തരിരികളിലെപ്പോഴൊ ഒരുവേള നാട്ടിലെ വ്രുശ്ചിക കാറ്റ് ഞാന്‍ സ്വപ്നം കാണുന്നു.പിന്നെ ഉറക്കം വരാത്ത രാത്രികളിലെപ്പോഴൊ എന്റെയരികത്തിരുന്ന് സാന്ത്വനത്തിന്റെ താരാട്ടുപാട്ട് പാടി ഉറക്കിയിരുന്ന മഴയേയും.കുട്ടൂ..ഞാന്‍ നമ്മുടെ കുട്ടികാലമോര്‍ക്കുന്നു.രഘുവിന്‌ മരം കയറാനറിയുന്നത് കൊണ്ട് അവന്‍ പറിച്ചിട്ടുതന്നിരുന്ന മാബഴങ്ങള്‍ നമ്മെളെത്ര തവണയാണ്‌ ഓടിയെടുത്തിട്ടുള്ളത്.ജയിക്കാന്‍ വേണ്ടി അമ്മാമയുടെ നിര്‍ദേശപ്രകാരം എല്ലാവരും കൂടി അബലത്തില്‍ പോയി പ്രാര്‍ത്ഥിച്ച് കുളക്കടവിലെ രസികന്‍ കുളികളുമായി നടന്ന നാളുകള്‍.കുട്ടൂ,നീ വല്ലപോഴും ഓര്‍ക്കുന്നൊ,വീണ്ടുമൊരിക്കല്ക്കൂടി നമ്മെ തേടി ആ നാളുകള്‍ എത്തിയെങ്കിലെന്ന്.
                                           കഴിഞ്ഞയേതൊ കത്തില്‍ "ജീവിതമെങ്ങനെ സുഖമാണോ..?" എന്ന് നീ ചോദിച്ചിരുന്നു.പറയാനെനിക്ക് ഒരുപാടുണ്ടായിരുന്നു.ആളൊഴിഞ്ഞ ഉല്സവപറബിലെ കുളക്കടവില്‍ പൂര്‍ണചന്ദ്രന്റെ പ്രതിബിംബവും നോക്കി ആരുമറിയാതെ ഓര്‍മകളുടെ തീരാകയങ്ങളിലാഴ്ന്ന് സ്വപ്നങ്ങളുടെ അഗാതതയില്‍ മുങ്ങിതപ്പി നിര്‍വ്രിതിയുടെ കൊടും തണുപ്പില്‍ പാതിരയുടെ ഭീകരതയിലും ഉല്സവപറബിലെ നാടകത്തില്‍ നിന്നുയരുന്ന ശബ്ദങ്ങളെ മാറ്റി നിര്‍ത്തി നീ എനിക്ക് പറഞ്ഞു തരാറുള്ള കഥകളും കേട്ട് നിന്റെയടുത്ത് കൂട്ടുകാരനായി എനിക്കിരിക്കണം. പിന്നെ,പൂക്കളുടെ മായപ്രപന്ചത്തിനാല്‍ വലയം ചെയ്യപ്പെട്ട പൊന്‍ചിങ്ങമാസത്തില്‍ പാതിരയുടെ തണുപ്പില്‍ വിരിയുന്ന മുല്ലമൊട്ടുകള്‍ പോലുള്ള നിന്റെ ചിരിയെനിക്ക് കാണണം.അകലങ്ങളിലെ ഓര്‍മകള്‍ പ്രണയത്തിന്റെ ചെറുകവിതകളില്‍ വിരിയുന്ന പുഷ്പ്പങ്ങളേക്കാള്‍ മനോഹരമാക്കാന്‍ കാലം അതിന്റെ സുന്ദരസ്വപ്നങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുന്ന കൊയ്ത്തുല്സവത്തില്‍ പൂക്കളുടെ നിറഭേദങ്ങള്‍ക്കിടയില്‍ എന്റേതായൊരു പൂ കൂടിയെന്ന് പറഞ്ഞ് വലിയ പൂക്കളത്തിന്റെ അരികുകള്‍ ശരിയാക്കുന്ന നിന്റെയരികത്തിരുന്ന് കുസ്രുതിയോടെ ഒരു പൂവാ കളത്തിലിടുബോള്‍ നീയെനിക്ക് തരുന്ന നുള്ളിന്റെ വേദന സഹിച്ച് ചിരിക്കുബോള്‍ കൂടെ ചിരിക്കുന്ന നിന്റെ മുഖം എത്രയഴകാണെന്ന് പറഞ്ഞ നാളുകള്‍. മുല്ലപ്പൂ ചൂടിയ കാര്‍ക്കുന്തല്‍ കാറ്റിന്റെ സുന്ദരമായ തലോടലില്‍ തെന്നിയിളകി കൊയ്ത്തുപാട്ടിന്റെ സംഗ്ഗീതസദസ്സില്‍ തിരുവാതിരക്കളിയുടെ സെറ്റ്സാരിയുടുത്ത് കളിക്കാന്‍ പോകുന്ന തയ്യാറെടുപ്പുമായി വന്ന് പുഞ്ജിരിച്ചനേരത്തെപ്പൊഴൊ കുസ്രുതിയോടെ ഒരു കുഞ്ഞു ചുംബനം നിനക്കായി അര്‍പ്പിച്ചപ്പോള്‍ ഉദിച്ചുയര്‍ന്ന സൂര്യന്‍ പോലുമൊന്ന് കണ്ണടച്ച് പോയിരിക്കാം.അകലത്ത് കാണുന്ന നിലവിളക്കിന്റെ ചുറ്റിലുമായി പരന്നുകിടക്കുന്ന പൂക്കളുടെ വര്‍ണാഭിഷേകങ്ങള്‍ക്കൊത്ത് ചുവടുവെക്കുന്നതിനിടയില്‍ കണ്ണുകളുടെ അകലം കുറഞ്ഞുവന്ന നേരത്തെപ്പൊഴോ ഒരു കണ്ണടഞ്ഞപ്പോള്‍ നാണത്തിന്റെ വേലിയേറ്റങ്ങള്‍ നീ ഒളിപ്പിച്ചതെവിടെയാണ്‌…?പുലരിയുടെ പൊന്‍തൂവല്‍ ചാലിച്ച പ്രഭാതത്തിലെപ്പോഴൊ ഒന്നിച്ചിരുന്നപ്പോള്‍ മറയുന്ന വേദനകള്‍ കാറ്റിലലിഞ്ഞു ചേര്‍ന്ന് അകലെ ഉദിക്കുന്ന രാത്രിയുടെ ഇരുണ്ടയാമങ്ങളിലേക്കലിഞ്ഞുചേര്‍ന്നതെന്താവാം..? കുട്ടൂ..നമ്മുക്കായി ഇനിയെന്നെങ്കിലും ലഭിക്കുമോ അതുപോലുള്ള ജീവിത സന്ധ്യകള്‍.
                                         പെയ്തൊഴിയാത്ത മഴക്കാലങ്ങള്‍ എന്നുമുണ്ടായെങ്കില്‍ ..അതിലാടി തിമര്‍ക്കാന്‍ സാധിക്കുന്ന നമ്മുടെ ബാല്യക്കാലം.നമ്മള്‍ ഓടികളിച്ച പാടവരബുകള്‍.ഇടക്കുള്ള അമ്മാമ്മയുടെ വിളി.ആലിന്‍ചുവട്ടിലേക്ക് ചാഞ്ഞിറങ്ങിയിട്ടുള്ള വള്ളികളില്‍ അബലത്തില്‍ ശ്രീകോവിലിനുള്ളില്‍ കത്തിചുവിളക്കുകളാല്‍ സ്വര്‍ണ്ണചാരുതയിലമര്‍ന്നുനില്‍ക്കുന്ന ദേവിവിഗ്രഹം കാണും മട്ടിലുള്ള ഊഞ്ഞാലാട്ടം.പിന്നേ…മഴപെയ്ത് പാടമൊക്കെ നിറഞ്ഞോ..? കുട്ടൂ..ഞാനാലോചിക്കയാണ്‌..ഞാനവിടെ ആയിരുന്നെങ്കില്‍..ഇടക്കുള്ള നിന്റെ വീട്ടിലേക്കുള്ള വരവുകളില്‍ നീയെന്റെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുബോള്‍ പാടവരബിലൂടെ ഓടി ഞാനോരോന്ന്‌ പറയുന്നത്.എന്റെ ശ്രദ്ധ നീ ചോദിക്കുന്നതിലല്ലെന്ന് മനസ്സിലാക്കുബോള്‍ നീ പിണങ്ങുന്നു…പിന്നെ കുട്ടൂ,പഴയ മുള്ളുവേലി എങ്ങനെ,പൊളിച്ചോ..? ഓ..ഞാനിപ്പോഴും അതോര്‍ക്കുന്നു.നീയുമായി പിണങ്ങി പിന്തിരിഞ്ഞുനടക്കുന്നതിനിടയില്‍ കല്ലില്‍ തെന്നി ഞാനതിന്റെ മുകളിലേക്ക് വീണത്.അമ്മാമ്മ നിന്നെ വഴക്കുപറയുന്നത് കണ്ടപ്പൊള്‍ ഞാനാത്യം സന്തോഴിച്ചെങ്കിലും സത്യം കുട്ടൂ,പിന്നീട് ഞാന്‍ വിഷമിച്ചു..അത് അതികമായത് ഇരുട്ടിന്റെ ഏതോ മൂലയില്‍ നിന്നും ഇഴഞ്ഞെത്തി ആരും കാണാതെ കേള്‍ക്കാതെ "വേദനിച്ചോടാ.."ന്നൂള്ള കണ്ണീരില്‍ കുതിര്‍ന്ന നിന്റെ ശബ്ദ്ദം.ഓര്‍മയുടെ കാണപ്പുറങ്ങളില്‍ നിന്നുപോലും നീ അകന്നുപോയാലും മറക്കില്ല്ല അന്നെത്തെയാ നിമിഷം.
                                           കുട്ടൂ..മുന്നില്‍ ദിവസങ്ങളങ്ങനെ നീണ്ടുനിവര്‍ന്നുകിടക്കുന്നു.പ്രത്യെകിച്ചൊരു മാറ്റവുമില്ലാതെ ഓര്‍മിക്കാന്‍ ,ഓര്‍മകളുടെ തൂവല്‍സ്പര്‍ശമേല്ക്കുന്ന പേജുകളില്‍ സൂക്ഷിക്കാന്‍ പ്രത്യെകിച്ചൊന്നും തരാതെ അവയെല്ലാം കടന്നു പോകുന്നു.കുട്ടൂ…ഈ നിമിഷത്തില്‍ ഞാന്‍ തനിചാണെന്ന് തോന്നുന്നു.തിരിച്ചറിയാനാകാത്ത ഏതൊ സങ്കടം എന്റെയുള്ളിലാകെ നിറയുന്നു.സായം സന്ധ്യയില്‍ കുളിച്ചുനില്ക്കുന്ന പാടവരബിലൂടെ ആരും കാണാതെ ഏകാന്തതയിലമര്‍ന്ന് വിദൂരദ്രുശ്യങ്ങളിലേക്ക് കണ്ണും നട്ട് അങ്ങനെ നില്ക്കാന്‍ ഞാനാഗ്രഹിക്കുന്നു.ഓര്‍ക്കാന്‍ എനിക്കും നിനക്കും ഒരുപാടുണ്ട്.ഇടമുറിയാത്ത വാഹനങ്ങളുടെ തിക്കിലും തിരക്കിലും അലര്‍ച്ചയിലും മുങ്ങിനില്ക്കുന്ന ത്രുശൂരിനെ ഞനൊരുപാടിഷ്ട്ടപ്പെടുന്നുവോ..? വിശാലമായ മണല്പരപ്പുകളില്‍ ഒരു സാന്ത്വനംപോലെ ഇളകിയാടുന്ന ഈന്തപനകള്‍ ഒരു വേള മുന്നില്‍ സവ്ഹ്രുദത്തിന്റെ പുഞ്ജിരി പൊഴിക്കുബോഴും അകലെയുള്ള നാടിനെ ഓര്‍ത്ത് ഞാന്‍ വാചാലനാവുന്നു.പിന്നെ എപ്പൊഴൊ ഉയര്‍ന്നുവരുന്നൊരു നിശ്വാസവുമായി കണ്ണടച്ചിരിക്കുന്നു.
                                             കുട്ടൂ..പഴയ കൂട്ടുകാരൊടൊക്കെ എന്റെ അന്വേഷണം പറയുക.പിന്നെ..പിന്നെ എല്ലാവരോടും..ക്ലോക്കില്‍ മണി പന്ത്രണ്ടിലേക്ക് നീങ്ങുന്നു.അകലങ്ങളുടെ വിത്യാസത്തില്‍ നീ എപ്പൊഴൊ ഉറങ്ങിയിരിക്കും.കുട്ടൂ,ഞാന്‍ നിന്റെ ഓര്‍മകളുടെ ലാളനകളേറ്റുവാങ്ങി  എന്നില്‍ നിന്നുയരുന്ന ഈ വാക്കുകള്‍ താല്ക്കാലികമായി നിര്‍ത്തുന്നു..എപ്പൊഴെന്നറിയാതെയുള്ള നിന്റെ വിശേഷങ്ങളുടെ വരവും കാതോര്‍ത്ത് ഞാനിനി ഇരിക്കും,മുന്നോട്ടുള്ള പ്രതീക്ഷകളുമായി..
                                                                                                          എന്ന്,
                                                                                                                      സ്വന്തം അപ്പു...


  (ഡയറിയെഴുതാന്‍ തുടങ്ങിയ നാള്‍മുതല്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചിരുന്നു.വെറുതെ ദിവസങ്ങള്‍ കുറിച്ചിട്ട് വിശേഷങ്ങള്‍ കുറിച്ചിടുന്ന ഒന്നാവരുത് അത്.ഒരു കഥപോലെ ഒരാളോട് പങ്കുവെക്കുന്ന രൂപത്തിലായിരിക്കണം അത്.അങ്ങനെയൊരാളെ “തൂവാനത്തുബികളിലെ” ക്ലാരെയെ പോലൊരാളെ എപ്പൊഴോ ഒരു ബാല്യകാലസഖിയുടെ രൂപത്തില്‍ ഞാന്‍ സ്രുഷ്ട്ടിച്ചു.അതു ചിലപ്പോള്‍ ബഷീറിന്റെ "ബാല്യകാലസഖി" വായിച്ചതിനുശേഷമോ,അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും അതുപോലെയുള്ള രചനകള്‍ കണ്ടിട്ടുമോ ആവാം. അവള്‍ക്കായി കുട്ടൂ എന്നൊരു പേരും ഒപ്പം മനോഹരമായ ഒരു ഗ്രാമ പശ്ചാത്തലവും നല്കി..അവളുടെ കൂട്ടുകാര്‍,ബന്ധുക്കള്‍ ,അങ്ങനെയെല്ലാവരും എന്റേതുകൂടിയായി(വട്ടാണെന്ന് വിചാരിക്കരുത്).

ليست هناك تعليقات:

إرسال تعليق