കാട്.പുല്ലുകൊണ്ട് മേഞ്ഞ ആ കുടിലിനു നേര്‍ക്ക് ഭഗവാന്‍ മഹാവിഷ്ണു നടന്നടുത്തു.ഗര്‍ജിച്ചുകൊണ്ട് അലറി നടന്നിരുന്ന സിംഹങ്ങള്‍ നിശബ്ദ്ധരായി.പറന്നുവന്നൊരു കുയില്‍ അടുത്തൊരു വാകമരത്തിന്റെ ചില്ലയിലിരുന്ന് നീട്ടി പാടി.മയിലുകള്‍ മേഘങ്ങളൊന്നുമില്ലാതെ തന്നെ ഭഗവാന്റെ പാതയിലേക്കിറങ്ങി ചെന്ന് ന്രുത്തം വെച്ചു.ശ്രുതിസാന്ദ്രമായൊരു സംഗീതം എവിടെനിന്നെന്നറിയാതെ കാട്ടില്‍ ഒഴുകി നടന്നു.പെട്ടന്നുള്ള ആ ഭാവമാറ്റമായിരിക്കണം കുടിലില്‍ നിന്നും ഒരു രൂപം ഇറങ്ങി വന്നു.മേലാസകലം പഴകിയ ഒരു പുതപ്പു കൊണ്ട് ആ രൂപം മൂടിപുതച്ചിരുന്നു.
അശ്വത്ഥാമാവേ..ഭഗവാന്‍ നീട്ടി വിളിച്ചു.
വീശിയടിച്ചുവന്നൊരു കാറ്റില്‍ ആ രുപത്തിന്റെ ശിരസ്സിലൂടെ മൂടിപുതച്ചിരുന്ന പുതപ്പിന്റെ തലഭാഗം മാറിപോയി.പാറിപറക്കുന്ന മുടിയിഴകള്‍.കണ്ണുകള്‍ ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്നു.നെറ്റിയില്‍ പോലും വ്രുണങ്ങള്‍ പൊട്ടിയൊഴുകുന്നു.കൈതണ്ടയില്‍ നിന്നും അകന്നുമാറിയ പുതപ്പിന്റെ അടിയിലെ വ്രുണങ്ങളില്‍ പുഴുക്കള്‍ സ്വൈര്യമായി വിഹരിക്കുന്നു.
ഓ..അങ്ങോ..? എന്താണീ വഴി…?
നിനക്ക് ശാപമോക്ഷത്തിനുള്ള സമയമടുത്തിരിക്കുന്നു.നിന്റെ കഷ്ട്ടതകള്‍ക്ക് പരിഹാരമാവേണ്ടിയിരിക്കുന്നു.
ഹ..ഹ..ഹ..ശാപമോക്ഷമോ..? എനിക്കോ..?വേണ്ട പ്രഭോ.എനിക്കിനിയതിന്റെ ആവശ്യമില്ല.പുരാണേതിഹാസങ്ങളില്‍ അശ്വത്ഥാമാവ് തോറ്റെങ്കിലും അശ്വത്ഥാമാവ് എന്നേ വിജയിച്ചിരിക്കുന്നു.മരണമില്ലാതെ ഈ കാട്ടില്‍ ഞാനീ അവസ്ത്ഥയിലലയുബോഴും എന്റെ ദിനങ്ങളെ മുന്നോട്ട് നീക്കിയത് ആ ചിന്തകളായിരുന്നു.അല്ലെങ്കില്‍ അങ്ങുതന്നെ പറയൂ,ഞാന്‍ ചെയ്ത കൂട്ട കുരുതിക്ക് അങ്ങുതന്ന ശിക്ഷ അല്പം കടന്നുപോയില്ലെ..?ഇത്രയും വലിയ ശിക്ഷ അങ്ങെനിക്കുതന്നെങ്കില്‍ ഇന്നെത്രയൊ പേര്‍ക്ക് അതിലും വലിയ ശിക്ഷകള്‍ നല്കേണ്ടിയിരിക്കുന്നു..?
അശ്വത്ഥാമാവേ..ഭഗവാന്‍ നീട്ടി വിളിച്ചു.
അങ്ങേക്കൊര്‍മയുണ്ടൊ ഒരിക്കല്‍ അരിമാവു കലക്കി തന്ന് എന്നെ പാലാണെന്നു പറഞ്ഞ് കുടിപ്പിച്ചത്.അന്ന് സത്യമറിഞ്ഞ് എന്നില്‍ നിന്നൊഴുകിയ കണ്ണുനീര്‍തുള്ളികളായിരുന്നൂ പിന്നീടെന്നില്‍ പകയായി വന്നത്.കര്‍ണ്ണന്‍...എന്റെ ഉറ്റ ചങ്ങാതി.അവന്റെ ജന്മരഹസ്യം പോലും എന്നൊടവന്‍ പറഞ്ഞിട്ടും ഞങ്ങളൊരേ ദിശയിലായിരുന്നു കഴിഞ്ഞിരുന്നത്.മുറപ്രകാരമുള്ള ഭൂമി കൊടുക്കാതെ ദുര്യോധനന്‍ തെറ്റുകാരനായിരിക്കാം.ഞാനും സമ്മതിക്കുന്നു.പക്ഷെ യുദ്ധ നിയമങ്ങള്‍ തെറ്റിച്ച് തുടക്കടിച്ചുകൊന്നത് ശരിയാണോ ദേവാ..?
അശ്വത്ഥാമവേ..അവന്റെ മരണം അങ്ങനെ ആയിരിക്കുമെന്ന് കാലഘട്ടത്തില്‍ എഴുതപ്പെട്ടതാണ്.
പക്ഷെ ദേവാ.അങ്ങ് ഒന്നു നോക്കൂ.കര്‍ണ്ണനോളം പോന്നൊരു നല്ല വ്യക്തി ആ കാലഘട്ടത്തിലുണ്ടായിരുന്നോ ദേവാ..? തുടയില്‍ തുളച്ചുകയറുന്ന വണ്ടില്‍ നിന്നുള്ള വേദനയിലും ഗുരുവിനെ ഉണര്‍ത്താതെ കര്‍ണ്ണന്‍ പിടിച്ചുനിന്നത് അങ്ങോര്‍ക്കുന്നൊ..?ദേവാ, വെറും ക്ഷത്രിയ കുലത്തിന്റെ പരിധി വിട്ട് ഗുരുഭക്തിയും ബഹുമാനവും അങ്ങന്നതില്‍ കണ്ടിരുന്നെങ്കില്‍ ദുഃഖിതനായിരിക്കുന്ന കര്‍ണ്ണനെ എനിക്ക് കാണേണ്ടി വരില്ലായിരുന്നു.ഭഗവാന്‍ അങ്ങു നോക്കു,സ്വന്തം ഗുരുവിനെ അസ്വസ്ഥമായ കണ്ണുകളോടെ നോക്കുന്നവനും ഒടുവില്‍ ശിക്ഷ്യന്റെ കൈകള്‍ക്കു വിധേയയാകുന്ന ഗുരുവിന്റേയും എന്തിന് ശിക്ഷ്യന് സ്വയം വഴങ്ങികൊടുക്കുന്ന ഗുരുവുമുള്ള ഭൂമിയിലെ ഗുരുക്കന്‍മാരുടെ അവസ്ഥകള്‍ ഭഗവാന്‍ അങ്ങു കാണുന്നില്ലേ..? അങ്ങനെ നോക്കിയാല്‍ കര്‍ണ്ണന്‍ എന്തു തെറ്റാണൂ ചെയ്‌തത്.?അങ്ങേക്കറിയാമോ ,എന്റെ ചങ്ങാതി ചങ്ങാതിയായിരുന്നു.സുഹ്രുത്തിനെ ചതിക്കാന്‍ അവനൊരിക്കലും പഠിച്ചിരുന്നില്ല.സ്വന്തം മരണം ഏറ്റുവാങ്ങുബോഴും അവന്‍ ദുര്യൊധനനുകൊടുത്ത വാക്കുകളായിരുന്നു ഓര്‍മിച്ചിരുന്നത്.അവന്റെ അമ്മ അവനെ കാണാന്‍ വന്ന ദിവസം അങ്ങേക്കറിയില്ല അവനെന്റെ മുന്നില്‍ പൊട്ടികരഞ്ഞത്.ഒരു പുരാണങ്ങളും അത് പറഞ്ഞില്ല.പാണ്ഡവരുടെ അമ്മയെ പലപ്പോഴും അകലെ നിന്നു കാണുബോഴൊക്കേയും അവന്റെ കണ്ണുകളില്‍ നിറഞ്ഞിരുന്ന രണ്ടു തുള്ളി കണ്ണുനീര്‍ ഈ എന്റെ മനസ്സിലാഴ്‌ന്നിറങ്ങിയിരുന്നു.
അശ്വത്ഥാമാവ് പറഞ്ഞു നിര്‍ത്തി .സദാ പുഞ്ജിരിക്കുന്ന ഭഗവാന്റെ മുഖം വിവര്‍ണ്ണമായി.ശോകസാന്ദ്രമായൊരു മൂകത കാറ്റില്‍ പരന്നു നടന്നു.ഇടതടവില്ലാതെ ചിലച്ചിരുന്ന കൊച്ചു കിളികള്‍ പോലും നിശബ്ദ്ധമായി.
ഭഗവാന്‍ അങ്ങു നോക്കു.രാവണയുദ്ധം കഴിഞ്ഞ് സീതയെ വീണ്ടെടുത്ത രാമന്‍ ഒടുവില്‍ പ്രജകളിലൊരാളുടെ സംസാരം കേട്ട് സീതയുടെ പരിശുദ്ധി അളന്നില്ലേ.ഞാനൊന്നു ചോദിക്കട്ടെ ദേവാ,വിവഹത്തിനുമുന്‍പുള്ള സ്ത്രീയുടെ ജീവിതം ഏതുമാകട്ടെ അതിനുശേഷം ആ പുരുഷന്റെ കൈകളില്‍ നിന്ന് അന്യ ഒരുവന്റെ കൈകളിലേക്ക് ആ സ്ത്രീ എത്തിപെട്ടാല്‍,ഇനിയധവാ സ്വമനസ്സാലെ ചെന്നാലും അതവന്റെ ബലഹീനതയെല്ലെ കാണിക്കുന്നത്.പിന്നെ പ്രജകളിലൊരുവന്റെ സംസാരത്തില്‍ ആ സ്ത്രീയുടെ പരിശുദ്ധി അളന്നിട്ട് എന്ത് കാര്യം..?
അശ്വത്ഥാമാവെ..അതിന് വേറെയും അവതാര ലക്ഷ്യങ്ങളുണ്ടായിരുന്നു.ഒപ്പം ഭൂമിയില്‍ നിന്ന് മടക്കത്തിനൊരു കാരണവും വേണമായിരുന്നു.
ഹ..ഹ..ഹ..അശ്വത്ഥാമാവ് പൊട്ടിച്ചിരിച്ചു.സ്വന്തം ഭാര്യയുടെ പാതിവ്രുത്യം പരിശോധിക്കേണ്ടി വരുന്ന ഭര്‍ത്താവിന്റെ അവസ്ഥയല്ലാതെ വേറെത്രയൊ വഴികളുണ്ടായിരുന്നു ഭുമിയില്‍ നിന്നും മടങ്ങാനങ്ങേക്ക്.പിന്നെ രാവണയുദ്ധം കൂടി അങ്ങ് ഉദ്ധേശിച്ചിരുന്നെങ്കില്‍ തകര്‍ന്നുകിടന്നൊരു സാമ്രാജ്യം ഉയര്‍ത്തുന്നതിനിടയില്‍ ക്ഷത്രിയ ധര്‍മങ്ങള്‍ വിട്ട് രാവണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കാം.പക്ഷെ രാവണന്‍ സീതയെ ലങ്കക്ക് ഒരു അലങ്കാരമാവാനല്ലേ മോഹിച്ചത്..?
ഉയര്‍ത്തപെടുന്ന ചോദ്യങ്ങള്‍ക്ക് സരസനായിരുന്ന ഭഗവാന്‍ ഒന്നും മിണ്ടാതെ നിന്നു.സദാ പുഞ്ജിരിക്കുന്ന ആ മുഖം വാടിയിരുന്നു.
ഭഗവാന്‍...അങ്ങു നോക്കു,ഭൂമിയില്‍ ഇന്നെന്താണൂ നടക്കുന്നത്.ഭൂമിയുടെ രക്ഷിതാവെന്ന സ്ഥാനം അങ്ങയില്‍ നിന്നും അകലുകയാണൊ എന്നെനിക്ക് തോന്നി പോവുകയാണ്.എന്തെല്ലാം അതിക്രമങ്ങളാണ്.ഗീതയില്‍ അങ്ങയുടെ ഒരു ഉപദേശമുണ്ട്.”മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം” എന്ന്.അങ്ങനെ നോക്കിയാല്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്.അല്ല എന്റെ കാര്യം പോട്ടെ…,അങ്ങയുടെ അതേ വാചകം ഇന്ന് ഏതൊക്കെ രീതിയിലാണ് വളച്ചൊടിക്കപെടുന്നത്.അതുവെച്ച് മനുഷ്യര്‍ കാട്ടുന്ന ഈ പേക്കുത്തുകള്‍ എന്തിനാണങ്ങ് കണ്ടില്ലെന്ന് നടിക്കുന്നത്.ഭഗവാന്‍, ഇതെല്ലം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ എന്റെ തെറ്റുകള്‍ മറക്കുന്നത്.പശ്‌ചാതപിച്ചിരുന്ന എന്റെ മനസ്സിനെ ഞാനിപ്പോള്‍ വിലക്കുന്നത്.ഇതെല്ലം കാണുബോള്‍ അങ്ങേക്കെവിടെയൊക്കെയൊ പിഴച്ചുവെന്ന് എനിക്ക് തോന്നി പോവുകയാണ്.അവിടെ എന്റെ വിജയമങ്ങേക്ക് കാണാം.പിന്നെ എനിക്കെന്തിനീ ശാപമോക്ഷം..?
ഭഗവാന്‍ തിരിഞ്ഞു നടന്നു.കുറച്ചുനേരം ആ പോക്കു നോക്കി നിന്ന ശേഷം അശ്വത്ഥാമാവ് കുടിലില്‍ തിരിച്ചു കയറി.ഗോരവനത്തില്‍ ഗര്‍ജനങ്ങള്‍ വീണ്ടും മുഴങ്ങി.അവിടെ നിന്നും ഇറങ്ങുന്നതിനിടയില്‍ തന്നെ ഭഗാവാനൊന്ന് ഉറപ്പിച്ചിരുന്നു.
“സമയമായ്..കല്‍ക്കിയുടെ അവതാരത്തിനുള്ള സമയമായ്.."
ليست هناك تعليقات:
إرسال تعليق