എന്റെ ഹ്രുദയേശ്വരിക്ക്,
ആദ്യമേ ക്ഷമചോദിക്കട്ടെ നന്ദാ,ഇഷ്ട്ടമാണെന്നൊക്കെ പറയുന്നതിന് മുന്‍പ് "ഹ്രുദയേശ്വരി" എന്നൊക്കെ വിളിച്ചതിന്.കണ്ടുമറയുന്ന നിമിഷങ്ങളിലെല്ലാം വിചാരിച്ചു പറയണം പറയണം എന്ന്.പക്ഷെ നിന്റെ മുന്‍പിലെത്തുബോള്‍ കണ്‍മഷിയുടെ കറുപ്പിനാല്‍ മിന്നിതിളങ്ങുന്ന നിന്റെ മിഴികള്‍ കാണുബോള്‍ ഞാന്‍ അധീരനാവുന്നു.ഒടുവിലാണ് ഒരു എഴുത്തിലൂടെ നിന്നെ അറിയിക്കാം എന്ന് വിചാരിച്ചത്.എങ്ങനെ തുടങ്ങുമെന്നറിയാനായി ഗൂഗിളുമുഴുവന്‍ പരതി.പിന്നെ എപ്പൊഴോ തടഞ്ഞൊരു വാക്കാണ് ഹ്രുദയേശ്വരി എന്നത്.
നന്ദാ,,നിനക്കറിയാലോ എന്നെ.എത്രയോ കാലമായി നാം അടുത്തറിയുന്നു.പഠിച്ചുനിര്‍ത്തിയ സ്ക്കൂളിന്റെ പടിവാതില്‍ക്കല്‍ മുതല്‍ പിന്നങ്ങോട്ട്.ഒരോണക്കാലത്ത് ദാവണിയുടുത്ത് നീ എന്റെ വീടിനുമുന്‍പിലൂടെ പാദസരത്തിന്റെ നേര്‍ത്തനാദവും മുഴക്കി കടന്നുപോയ നിമിഷത്തിലാണോ ഞാനാദ്യമായി നിന്നെ ഇഷ്ട്ടപ്പെട്ടുതുടങ്ങിയത്.അങ്ങകലെ മറഞ്ഞകലുന്ന സൂര്യന്‍ കുങ്കുമ രശ്‌മികളാല്‍ ചുവന്നു തുടത്ത സന്ധ്യയെ നോക്കി മിഴിചിമ്മിയടച്ചതുപൊലെ എത്രയോ തവണ നീയറിയാതെ എന്റെ മിഴികള്‍ നിന്റെ നേരെ അടഞ്ഞു തുറന്നിരിക്കുന്നു.എനിക്കറിയില്ല്ല നന്ദാ,സലീഷിനോടും മറ്റും നീ വല്ലാതെ കൂട്ടുകൂടി നടക്കുബോള്‍ എന്റെ മനസ്സ് പിടഞ്ഞതെന്തിനെന്ന്.ഞാനിത്ര സ്വാര്‍ഥനാവുന്നതെന്തിനെന്ന്.
പുറത്ത് ഒരു മഴക്കുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു.അതിനേക്കാള്‍ എത്രയോ വലിയ മഴക്കാലമാണ് എന്റെയുള്ളില്‍ നിന്നെകുറിച്ചുള്ള ചിന്തകളില്‍ ആര്‍ത്തലച്ചുപെയ്യുന്നത്.അങ്ങുദൂരെ ഉദിച്ചുയരുന്ന സൂര്യനെ മറച്ച് മേഘങ്ങള്‍ കറുത്ത പൊതിക്കെട്ടുകളായി നിരന്നുനിന്നപ്പോള്‍ ഇങ്ങുതാഴെ നേര്‍ത്തുപെയ്യുന്ന മഴയില്‍ പച്ചപുതച്ച പാടത്തിനരികില്‍ തളംകെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ പാതിമുങ്ങിയ റോഡിന്റെ അരികില്‍ നിന്റെയൊരു പുഞ്ജിരിക്കായി ഞാനെത്രയോ തവണ കൊതിച്ചു നിന്നു.നിനക്കറിയാമോ,വല്ലപ്പോഴും വാക്കുകള്‍ വസന്തം തീര്‍ത്ത നിമിഷങ്ങളില്‍ മനക്കലെ മച്ചില്‍ നിന്നും മഴനനയാന്‍ കൊതിച്ച് പറന്നുയര്‍ന്നൊരു പ്രാവുപോലും അസൂയയോടെ നോക്കുന്നുണ്ടായിരുന്നു.
നന്ദാ,,എനിക്കുമുന്നില്‍ ഉറക്കമില്ലാത്ത രാവുകള്‍ പലവുരു കടന്നുപോയിരിക്കുന്നു.കണ്ണുകളടച്ചാല്‍ തെളിയുന്നത് നിന്റെ മുഖമാണ്.ഇടക്കെപ്പൊഴോ ഒന്നുറങ്ങിയാല്‍പോലും എന്റെ കിനാക്കളില്‍ നിന്റെ മുഖമാണുയരുന്നത്.കാതുകളില്‍ നിന്റെ മൊഴികള്‍ വെള്ളരിപ്രാവുകളുടെ കുറുങ്ങല്‍പോലെ അലയടിക്കുന്നു.എന്റെയടുത്തിരുന്ന് എന്തെല്ലാമോ പറയുന്ന നിന്റെ സാമിപ്യത്തിനായി,എന്റെ സ്വപ്നങ്ങള്‍ക്ക് മഴവില്ലിന്റെ ഏഴഴകുവിരിയിച്ച് മയില്‍പീലിയുടെ നൈര്‍മല്ല്യതയോടെ കടന്നുപോകുന്ന നിമിഷങ്ങള്‍ക്കായി എന്റെ ഹ്രുദയം വല്ലാതെ കൊതിക്കുന്നു.ഒരു നേര്‍ത്ത തണലായി,ഒരു കൊച്ചു ഇളം കാറ്റായി,പിന്നെ എപ്പൊഴൊ വിരിഞ്ഞൊരു നിശാഗന്ധിപൂവായിനീ എന്നിലേക്കണയുന്ന നിമിഷത്തെ എന്റെ ആത്മാവുപോലും ദാഹിക്കുന്നു.നന്ദാ,ഇവിടെ ഞാന്‍ എതിര്‍പ്പുകലര്‍ന്ന് നിന്നില്‍ നിന്നുതിര്‍ന്നേക്കാവുന്ന മറുപടിയെ ഭയക്കുന്നു.നിശബ്ദ്തയുടെ തീനാളങ്ങളില്‍ പിടഞ്ഞ് അതൊരു വരണ്ട ഉഷ്ണകാറ്റായി എന്നിലേക്കടിച്ചാല്‍ എനിക്കത് സഹിക്കാനാവില്ല.എനിക്കു തന്നെ നിശ്‌ച്ചയമില്ല നന്ദാ,എന്റെ മനസ്സിനെ എത്രത്തോളം നീ കീഴടക്കിയിട്ടൂണ്ടെന്ന്.
നന്ദാ,ഈ വാക്കുകള്‍ക്ക് താല്‍ക്കാലിക വിട.ഒരു കണ്‍പോളപോലും ആലസ്യത്തിന്റെ പിടിയിലമര്‍ന്നുപോകാത്ത രാത്രിയാണെനിക്കിന്ന്.ഈ നിമിഷം മുതല്‍ ഉയര്‍ന്നുപൊങ്ങുന്ന എന്റെ ഹ്രുദയമിടിപ്പെനിക്ക് കേള്‍ക്കാം.എന്റെ വിരലുകള്‍ ഇപ്പോഴെ വിറക്കുന്നതെനിക്കറിയാം.എന്റെയൊരുപാട് സ്വപ്നങ്ങളുടെ വാതില്‍ പാളികളുടെ താക്കോല്‍ക്കൂട്ടവുമായി ഈ വരികള്‍ക്കപ്പുറത്തുള്ള മോഹങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് എന്റെ മനസ്സ് നിന്റെ കൈകളിലേക്ക് ഞാനിതാ അര്‍പ്പിക്കുകയാണ്.പ്രതീക്ഷിച്ചോട്ടെ നന്ദാ,,നിന്റെയടുക്കല്‍നിന്നും സവ്മ്യമായൊരു പുന്ചിരിയെങ്കിലും …..
സ്വന്തം,
ഗിരി