നിനക്കോര്‍മയുണ്ടോ നമ്മളിതിനുമുന്‍പിവിടെ വന്നിരുന്നിട്ടുള്ളത്.?ഈ കല്‍പടവുകള്‍ക്ക് നിന്റെ കാലടിപാടുകളെ മറക്കാനാവില്ല.പിന്നെ അന്ന് രാത്രിപൂരത്തിന്റെ വെടിക്കെട്ട് നടക്കുബോള്‍ നമ്മളിവിടെ ഇരുന്ന് പറഞ്ഞ കഥകളും ഇടക്കെപ്പോഴൊ നിന്റെ മടിയില്‍ തലചായ്‌ച്ച് പാതിമുറിഞ്ഞ ചന്ദ്രന്റെ വെള്ളിവെളിച്ചത്തില്‍ മുങ്ങി നില്ക്കുന്ന നക്ഷത്രങ്ങളെ നോക്കി ഞാന്‍ കിടന്ന നിമിഷങ്ങളും.പിന്നെ …പിന്നെ..
എന്തേ നിറുത്തിയത്..? അവളുടെ മിഴികള്‍ തിളങ്ങുന്നുണ്ടായിരുന്നു.
ഒന്നുമില്ല.ഒരുകൊല്ലം കഴിഞ്ഞൂലെ ആ ദിവസം കടന്നുപോയിട്ട്.ഓരൊന്നും നമ്മള്‍ വീണ്ടുമോര്‍ക്കുന്നത് അതിന് സാമ്യമായ നിമിഷങ്ങള്‍ വീണ്ടും കടന്നു വരുബോഴാണ്.
ഓ..ഈ സാഹിത്യം.കിരണ്‍ നിന്നെ സമ്മതിക്കണം.നിനക്കെവിടുന്നിതൊക്കെ വരുന്നു…?
മീരാ,,മനസ്സിന്റെ അഗാധതകളില്‍ നിന്റെ മുഖം ഒരു വെണ്‍ശംഖുപോലെ മനോഹരമായി കിടക്കുന്നു.നിന്റെ സ്വരം എന്റെ ഹ്രുദയമിടിപ്പുകളില്‍ അലിഞ്ഞുചേര്‍ന്ന് ശ്രുതിമീട്ടിടുന്നു.
അയ്യോ,,എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ..? അവള്‍ കളിയാക്കി.
മീരാ, ഞാന്‍ സീരിയസ്സായിട്ട് പറഞ്ഞതാണ്.പിന്നെ സാഹിത്യം.നിന്റെ മടിയിലിങ്ങനെ തലചായ്ച്ച് നിന്റെ ഹ്രുദയമിടിപ്പിത്രയും അടുത്ത് ചെവിയോര്‍ത്ത് എന്റെ മുഖത്തേക്കുറ്റുനോക്കിയിരിക്കുന്ന നിന്റെ മുഖം കാണുബോള്‍ മാത്രമെല്ലേ ഞാന്‍ സാഹിത്യം പറയുന്നുള്ളു.മീരാ,ഇവിടം വിട്ടകലുന്ന ദിവസങ്ങളില്‍ പിന്നെയെന്നുകാണുമെന്നറിയാത്ത നിമിഷംവരെ എന്റെ ചുറ്റിലും ഞാനീ ഹ്രുദയമിടിപ്പറിയാറുണ്ട്.കടന്നുപോകുന്ന ഓരോരാത്രികളിലും നിന്റെ ചുണ്ടുകള്‍ എന്റെ നെറ്റിയിലുമ്മവെച്ചുറക്കുന്നത് ഞാനറിയാറുണ്ട്.
അവള്‍ വളകിലുങ്ങും പോലെ പൊട്ടിച്ചിരിച്ചു.പിന്നെ മുടിയിഴകളിലൂടെ വിരലുകള്‍കൊണ്ട് പരതി.
എന്റെ കുട്ടന്‍ ഇനി എന്നാണീ വഴി..?ഇനിയടുത്ത ഉത്സവത്തിനോ..?
വിഷാദത്തിന്റെ ഒരുചെറുരേഖ ഇടയില്‍ കടന്നപോലെ.വളരെ പെട്ടന്നത് വികസിച്ച് ഒരു മതില്‍ കെട്ടുപോലെ ഇടയില്‍ കയറുന്നു.ദൂരെ പാടത്തിനപ്പുറത്ത് ആകാശവീഥിയില്‍ ഒരു വര്‍ണ്ണക്കുട വെളിച്ചം വിതറി കടന്നുപോയി.വെണ്‍പ്രഭതൂകി നില്ക്കുന്ന ചന്ദ്രന്റെ വെളിച്ചത്തെ അതൊരുനിമിഷം തോല്‍പ്പിച്ചുവോ..?
പറയൂ,,എന്നാണിനി..? ആകാംഷ നിറഞ്ഞ അവളുടെ ചോദ്യം ഒരുകുറുങ്ങല്‍ പോലെ ചെവിക്കരുകില്‍ അലയടിച്ചു.
വരും..വരും പെട്ടന്ന്.നിന്റെ വിരല്‍സ്‌പര്‍ശമേല്‍ക്കാന്‍,പിന്നെ മൂളിവരുന്നൊരുപാട്ടില്‍ താളമിട്ട് നിന്റെ അടുത്തിരിക്കാന്‍.കാല്‍ചിലങ്ക ന്രുത്തമാടുന്ന നിന്റെ പാദങ്ങള്‍ നോക്കി കാറ്റിലാടിയുലയുന്ന നിന്റെ മുടിചുരുളുകളിലെ കാച്ചിയ എണ്ണയുടേയും തുളസ്സികതിരിന്റേയും നേര്‍ത്ത വാസനയേറ്റ് ഈ മടിയില്‍ കിടക്കുവാന്‍ ഞാന്‍ വരും വീണ്ടും..വീണ്ടും.
തണുത്തൊരു കാറ്റടിച്ചു.നീണ്ടുമെലിഞ്ഞ അവളുടെ കൈവിരലുകള്‍ മെല്ലെ കൂട്ടിപിടിച്ച് ചുംബിച്ചപ്പോള്‍ അവള്‍ തടഞ്ഞില്ല.അവളുടെ മുഖത്തേക്കുറ്റുനോക്കിയിരുന്ന ചുണ്ടുകളില്‍ അവളുടെ ചുണ്ടുകള്‍മെല്ലെ പതിഞ്ഞമര്‍ന്നപ്പോള്‍ തഴുകിയകന്നുപോകുന്ന തണുത്തകാറ്റിനെ തോല്‍പ്പിച്ചൊരു ചൂട് ശരീരത്തിലേക്കാഞ്ഞുകയറുന്നത് ഓരോരോമകൂപങ്ങളും അറിയുന്നുണ്ടായിരുന്നു.
മീരാ,,ഈ രാത്രി അവസാനിക്കാതിരുന്നെങ്കില്‍.ഇവിടുന്നങ്ങോട്ടുള്ള നിമിഷങ്ങള്‍ മുഴുവന്‍ ഈ രാത്രിയുടെ ഭാഗമായിരുന്നെങ്കില്‍...
നിന്റെ സ്വപ്നങ്ങള്‍ കൊള്ളാം കിരണ്‍.ലേശം വട്ടുവരുന്നുണ്ടോന്നൊരു സംശയം വരുന്നുണ്ട്..അവള്‍ മെല്ലെ ചിരിച്ചു.
ചിരി വന്നില്ല.നീലയില്‍ സ്വര്‍ണ്ണനിറമുള്ള കസവുകളില്‍ മുങ്ങി നിറഞ്ഞ പട്ടുപാവാടയില്‍ നോക്കി കിടന്നു.നേര്‍ത്ത വെളിച്ചത്തില്‍ ഇടക്കൊന്ന് അവയൊക്കെ തിളങ്ങുന്നുണ്ടായിരുന്നു.
നിനക്കു വിഷമിച്ചോടാ,,,അവളുടെ സ്വരമരികെ.
ഇല്ല.ഞാനോരോന്നാലോചിച്ചു..അതാണ്.
ഉം..അവള്‍ മൂളുന്നു.
വെളിച്ചം പെട്ടന്ന് മങ്ങിയോ..? മുകളിലേക്ക് നോക്കി.ചന്ദ്രനെ ഒരു കാര്‍മേഘം മൂടിയിരിക്കുന്നു.
മീരാ ,,ഒരു മഴപെയ്തെങ്കില്‍..
ഞാനെഴുന്നേറ്റ് പോകും.എനിക്കേ,മഴകൊണ്ട് പനിവന്ന് കിടക്കാനൊന്നും പറ്റില്ല.നിനക്ക് പിന്നെ പനിയൊന്നും വരില്ലല്ലോ..
ശരിയാണ്.പനി…അത് മറന്നിരിക്കുന്നു.എത്ര കാലമായൊരു പനി വന്നിട്ട്.മഴയും വെയിലും എന്നാണ് തന്നോടിത്രയും കുട്ടുകൂടിയത്..?
പോകാം.നേരം വെളുക്കാറായി.ഇനി ഉല്സവം കഴിഞ്ഞ് ആളുകളീവഴി വന്നു തുടങ്ങും.
വരട്ടെ..
പിന്നേ.. നിനക്കത് പറയാം .കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ് എന്നാലും..
എഴുന്നേറ്റു.പാടവരബിലെ പുല്‍കൊടികളില്‍ മഞ്ഞുത്തുള്ളികള്‍ പുന്ചിരിക്കുന്നു.പാതിരാവിലെപ്പൊഴൊ വിരിഞ്ഞ മുല്ലപ്പൂക്കളുടെ നറുമണം നേര്‍ത്തകാറ്റില്‍ ഒഴുകിവരുന്നു.അവള്‍ തോളില്‍ മുഖം ചായ്ച്ച് നടന്നു.അവളുടെ കഴുത്തിനുപിന്നിലൂടെ ഇറങ്ങിച്ചെന്ന കൈ അവള്‍ ഇരുകൈകാളാലും കൂട്ടിപിടിച്ചിരുന്നു.
വീടെത്താറായി.മെല്ലെ പറഞ്ഞു.
അവള്‍ നേരെ നിന്നു .പിന്നെ മുഖത്തേക്ക് നോക്കി.പിന്നെ ഒന്നുയര്‍ന്ന് ചുംബിച്ചു.
ഇതെന്റെ കുട്ടന് ഇനിയെന്നെ കാണും വരെ ഓര്‍ക്കാന്‍...
അവളൂടെ നേര്‍ത്ത ചിരിയില്‍ വിഷാദത്തിന്റെ നീരുറവ അലയടിക്കുന്നത് അറിയുന്നുണ്ടായിരുന്നു.ഉമ്മറത്ത് മുത്തശ്ശി കനാലിലേക്കും നോക്കി ഇരിക്കുന്നു.അവള്‍ മുത്തശ്ശിയോട് ഓരോന്ന് പറയുബോഴും ഉയര്‍ന്നുവരുന്ന മുത്തശ്ശിയുടെ ചോദ്യങ്ങള്‍ക്കിടയിലും എന്തിനെന്നറിയാതെ കുട്ടിമുട്ടുന്ന മിഴികള്‍ അപ്പോഴും സ്വകാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് പാലം കടന്ന് വരുന്ന ബസ്സിന്റെ ഹോണ്‍ വേര്‍പാടിന്റെ നൊബരമായി മനസ്സില്‍ മുഴങ്ങുബോള്‍ തുളുബിവരുന്ന അവളുടെ മിഴികള്‍ മനസ്സിലേക്കാഴ്ന്നു കയറുന്നത് അറിയുന്നുണ്ടായിരുന്നു.ദൂരെ കഴിഞ്ഞുപോയൊരു രാത്രിയെ ഉള്ളിലൊതുക്കി ആ കല്‍പടവുകള്‍ വിശ്രമിക്കുന്നത് ഉദിച്ചുയരുന്ന പകലില്‍ തെളിഞ്ഞു കാണാമായിരുന്നു.
ليست هناك تعليقات:
إرسال تعليق